ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സംസ്ഥാനത്ത് 2 കെയർ ഹോമുകൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. ഇതിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചു. സാമൂഹ്യനിതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കെയർ ഹോമുകൾ സ്ഥാപിക്കുക. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ അല്ലെങ്കിൽ വിഷമഘട്ടത്തിൽ അകപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഹ്രസ്വകാല താമസ സൌകര്യം ഒരുക്കുന്നതിനാണ് ഈ കെയർ ഹോമുകൾ.
നേരത്തെ ഇവർക്കായി 5 കെയർ ഹോമുകൾ അനുവദിച്ചിരുന്നു. ഇപ്പോഴുള്ള കെയർ ഹോമുകളുടെ പ്രവർത്തനം പുനഃക്രമീരിക്കാനും തീരുമാനമായി. പാർശ്വവത്കരിക്കപ്പെട്ട വിഭാഗം എന്ന നിലയിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ പുരോഗതിയ്ക്കാണ് ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിന് പ്രവർത്തന പരിചയവും വിശ്വാസ്യതയും അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നതുമായ സന്നദ്ധ സംഘടനകളുടെ സഹകരണവും ഉറപ്പുവരുത്തും. കേരളത്തിൽ നടപ്പാക്കിയ ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
content highlights: Kerala government announced 53.16 lakhs for building care homes for transgenders