മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കേസുകളിൽ കുടുക്കുന്നത് അവസാനിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി അന്താരാഷ്ട്ര മാധ്യമ സംഘടന

PM Modi urged to tell States to drop sedition cases against journalists

മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കേസുകളിൽ കുടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അന്താരാഷ്ട്ര മാധ്യമ സംഘടനകൾ. ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ് എന്നി സംഘടനകളാണ് കത്തെഴുതിയത്. ജോലി ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റങ്ങൾ പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.  

കഴിഞ്ഞ കുറച്ച് കാലത്തിനിടെ ഇന്ത്യയിൽ നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം തടയാനാണ് വിവിധ സർക്കാരുകൾ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളെ ചൂണ്ടിക്കാട്ടുന്ന മാധ്യമ പ്രവർത്തകരേയും കേസിൽ കുടുക്കുകയാണ്. പൊതു ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സ്വതന്ത്ര്യ മാധ്യമങ്ങൾ അനിവാര്യമാണ്. ഭീതിയില്ലാതെ മാധ്യമപ്രവർത്തകർക്ക് ജോലി ചെയ്യാൻ അവസരം ഒരുക്കാൻ ആവശ്യമായ നടപടികൾ വേണം. കത്തിൽ പറയുന്നു.

സ്വതന്ത്ര്യ മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹകേസിൽ ജയിലിൽ അടക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നൽകിയ ഉറപ്പുകളുടെ ലംഘനമാണെന്നും കത്തിൽ വ്യക്തമാക്കി. മാർച്ച് 25നും 31നും ഇടയിൽ ഇന്ത്യയിൽ 55 മാധ്യമ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തതെന്ന് റെെറ്റ്സ് ആൻ്റ് റിസ്ക് അനാലിസിസ് ഗ്രൂപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 

content highlights: PM Modi urged to tell States to drop sedition cases against journalists