റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മുഖ്യമന്ത്രിയുടെ സൂപ്പര്‍ പവറിനെതിരെ വിയോജിച്ച് ഘടകകക്ഷി മന്ത്രിമാര്‍

തിരുവനന്തപുരം: റൂള്‌സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രണ്ടാമതും എതിര്‍ത്ത് ഘടകകക്ഷി മന്ത്രിമാര്‍. മന്ത്രിമാരെ നോക്കു കുത്തിയാക്കിയിരുന്നു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അധികാരം കൈമാറുന്ന രീതിയോട് യോജിക്കാനാവില്ലെന്ന് മന്ത്രിമാര്‍ കുറ്റപ്പെടുത്തി. ഉത്തരേന്ത്യന്‍ ശൈലിയില്‍ ഭരണം മാറ്റാനാവില്ലെന്നും മന്ത്രിസഭ ഉപസമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. മന്ത്രിമാര്‍ വിയോജിപ്പ് അറിയിച്ചതോടെ ഉപസമിതി നവംബര്‍ നാലിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.

വകുപ്പ് മന്ത്രിമാര്‍ ഡമ്മി എന്ന നിലയിലേക്ക് പോകുമെന്നാണ് ചില ഘടകകക്ഷിമാര്‍ ഉപസമിതിയില്‍ ഉയര്‍ത്തിയ വാദം. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രിയിക്കോ, ചീഫ് സെക്രട്ടറിക്കോ വകുപ്പുകള്‍ നിയന്ത്രിക്കാനുള്ള സ്ഥിതി വരും. എന്നാല്‍ കാലം മാറിയതനുസരിച്ച് റൂള്‍സ് ഓഫ് ബിസിനസ്സിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരണമെന്ന അഭിപ്രായമാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത്.

റൂള്‍സ് ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉപസമിതിയില്‍ ഘടകകക്ഷി മന്ത്രിമാര്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചതോടെ ധൃതി പിടിച്ച് ഭേദഗതി നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് സമിതി എത്തുകയായിരുന്നു. ഭേദഗതി നടത്തുന്നത് മന്ത്രിമാരുടെ അധികാരം വെട്ടിച്ചുരുക്കുകയും ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിമാരുടെയും അധികാരം വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം വെക്കുന്നതെന്നാണ് വിമര്‍ശനം. റൂള്‍ 19, 21 എ, എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്കു കൂടുതല്‍ അധികാരം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വചിക്കുന്നതാണ് റൂള്‍ഡ് ഓഫ് ബിസിനസ്.

Content Highlight: Kerala Government to Amendment of Rules of Business