സ്വര്‍ണ്ണക്കടത്ത് കേസ്: കാരാട്ട് റസാഖിനും ഫൈസലിനുമെതിരെ സന്ദീപിന്റെ ഭാര്യയുടെ മൊഴി; പ്രതികളെ അറിയില്ലെന്ന് റസാഖ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എയ്ക്കും കാരാട്ട് ഫൈസലിനുമെതിരെ കേസിലെ പ്രതിയായ സന്ദീപിന്റെ ഭാര്യ സൗമ്യ മൊഴി നല്‍കി. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് സ്വര്‍ണം കടത്തുന്നതെന്നും സ്വപ്‌നയുടെ ഒത്താശയോടെയാമ് ഇതെല്ലാം നടക്കുന്നതെന്നാണ് സൗമ്യ മൊഴി നല്‍കിയത്. എന്നാല്‍, തനിക്കെതിരെയുള്ള മൊഴി പ്രത്യേക അജണ്ട വെച്ചുള്ളതാണെന്ന് റസാഖ് പ്രതികരിച്ചു.

കേസില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി. തന്റെ പേര് പറഞ്ഞത് പ്രതികളാരുമല്ലെന്നും പ്രതിയുടെ ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് എംഎല്‍എക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റസാഖ് ചൂണ്ടികാട്ടി. കാരാട്ട് എന്ന പേര് കാരണമാണ് പലതിലേക്കും വലിച്ചിഴക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് നില്‍ക്കുന്നവരെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

ആരോപണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് സംബന്ധിച്ച് സൗമ്യയ്ക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരികമായി ഉപദ്രവിച്ചെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടില്‍ കൊണ്ടുവന്നാണ് സ്വര്‍ണം പുറത്തെടുത്തിരുന്നതെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

Content Highlight: Allegation against Karat Razak MLA on Gold Smuggling Case