ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനെതിരെ പാക്കിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂൺ ക്ലാസിൽ കാണിച്ചതിനെ തുടർന്ന് ചരിത്രാധ്യാപകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമം അഴിച്ചുവിട്ട തീവ്രവാദികളെ ആക്രമിക്കുന്നതിന് പകരം മാക്രോൺ ഇസ്ലാമിനെതിരെ തിരിഞ്ഞ് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു ഇമ്രാൻ ഖാൻ്റെ പ്രതികരണം. കൂടുതൽ ധ്രൂവീകരണവും പാർശ്വവത്കരണവുമല്ല ഈ സമയത്ത് മാക്രോൺ സൃഷ്ടിക്കേണ്ടതെന്നും ഇമ്രാൻ ഖാൻ കൂട്ടിചേർത്തു.
നേരത്തെ ലോകമെമ്പാടും അസ്തിത്വ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്ന് മാക്രോൺ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു രാജ്യത്തിൻ്റെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തിൽ പരിഗണിക്കുന്ന ഇദ്ദേഹത്തിൻ്റെ മനോനിലയാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് തുർക്കി പ്രസിഡൻ്റ് റെജപ് തയ്യിപ് എർദോഗാൻ പറഞ്ഞിരുന്നു. എർദോഗാൻ്റെ പരാമർശത്തെ തുടർന്ന് തുർക്കിയിലെ ഫ്രാൻസ് പ്രതിനിധിയെ ഇമ്മാനുവേൽ മാക്രോൺ തിരികെ വിളിച്ചിരുന്നു.
അധ്യാപകൻ്റെ കൊലപാതക കേസിൽ രണ്ടു വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തിന് കൂട്ടുനിന്നെന്ന പേരിലാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
content highlights: Pakistan’s PM Imran Khan accuses French President Macron of ‘attacking Islam’