തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ 180 കോടി വേണ്ടിവരും; മാസ്കിനും ഗ്ലൗസിനും ഉൾപ്പെടെ 12 കോടി

Election Commission Expects Expense of 180 Crore Rupees for Local Body Election

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും വാങ്ങാനും ബുത്തുകളിൽ സാനിറ്റെെസർ വയ്ക്കാനും 12 കോടിയോളം രൂപ ചെലവ് വരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്നാവും ഇവ വാങ്ങുക. 2 ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നത്. 180 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷൻ വിലയിരുത്തുന്നത്. 

ഡിസംബർ പകുതിക്കു മുൻപായി ഭരണസമിതികൾ അധികാരമേൽക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നവംബർ 11ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കും. കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൻ്റെ നടപടിക്രമങ്ങളിലും പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും. രാവിലെ 7 മുതൽ 5 വരെയായിരുന്ന വോട്ടിങ് ഒരു മണിക്കൂർ നീട്ടും. പ്രചാരണത്തിനുൾപ്പെടെ കർശന നിയന്ത്രണമായിരിക്കും ഏർപ്പെടുത്തുക.

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാൽ പൊലീസിന് സുരക്ഷ ഒരുക്കാൻ കഴിയുമോ എന്ന് വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും. ഡിജിപി സമ്മതം അറിയിച്ചാൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും. അല്ലെങ്കിൽ രണ്ടും ഘട്ടമായി നടത്തും. പോസ്റ്റൽ ബാലറ്റിനുള്ള പേപ്പർ വാങ്ങാനുള്ള നടപടികളും ആരംഭിച്ചു.

content highlights: Election Commission Expects Expense of 180 Crore Rupees for Local Body Election