സംസ്ഥാനത്ത് ഇന്ന് പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കും; രാജ്യത്തെ ആദ്യ നടപടി

തിരുവനന്തപുരം: പ്രതിസന്ധിയിലായ കാഷിക മേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില ലഭിക്കുന്നതിനും പച്ചകറികള്‍ക്ക് തറ വില ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 16 ഇനം പച്ചക്കറികളുടെ തറവില പ്രഖ്യാപനം ഇന്ന് നടത്തും. ഉത്പാദനത്തെക്കാള്‍ ഇരുപത് ശതമാനം അധികമായിരിക്കും തറവില.

താങ്ങ് വില നിശ്ചയിക്കാന്‍ കേന്ദ്രത്തിനു മാത്രം അനുമതിയുള്ളൂവെന്ന സാഹചര്യത്തിലാണ് സംസ്ഥാനം താങ്ങു വില നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് ഉള്ളി വില കയറ്റം തടയുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. സവാള വില നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രി എന്നിവര്‍ യോഗം ചേര്‍ന്നു. പ്രധാനപ്പെട്ട ഏജന്‍സികളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് മുഖേന നാഫെഡില്‍ നിന്നും 1800 ടണ്‍ സവാള വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തിലേക്ക് അന്യ സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെയാണ് വിപണിയില്‍ പച്ചക്കറി വില ഉയര്‍ന്നത്. സപ്ലൈകോ ആയിരം ടണ്‍, കണ്‍സ്യൂമര്‍ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍ എന്നിങ്ങനെ എത്തിക്കുന്ന സവാള നവംബര്‍ ആദ്യവാരം മുതല്‍ വിപണിയില്‍ വിതരണം തുടങ്ങും.

Content Highlight: Kerala Government to announce base price for 16 type vegetables