പുതിയ കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദസറക്ക് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് കർഷകർ. ഭാരതീയ കിസാൻ യൂണിയന്റേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തിലാണ് കോലം കത്തിച്ചത്. കൂടാതെ വ്യവസായികളായ മുകേഷ് അംബാനിയുടേയും ഗൌതം അദാനിയുടേയും കോലവും കത്തിച്ചു. ദസറക്ക് രാവണനെ കത്തിക്കുന്ന പരാമ്പരാഗത രീതി അനുകരിച്ചാണ് മോദിയുടെ കോലം കർഷകർ കത്തിച്ചത്.
ഭതിൻഡ, സംഗത്, സംഗ്രൂർ, ബർണാല, മലർകോട്ല, മൻസ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ കോലം കത്തിച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. കർഷക സമരം ഒത്തു തീർപ്പാക്കുന്നതിനായി കേന്ദ്രം കഴിഞ്ഞയാഴ്ച വിളിച്ചു ചേർത്ത ചർച്ച പരാജയപെട്ടിരിന്നു. കൃഷി മന്ത്രിക്ക് പകരം ഉദ്യോഗസ്ഥരാണ് ചർച്ചക്കായി എത്തിയത്. ഇതോടെ നേതാക്കൾ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു. കേന്ദ്രം കൊണ്ടു വന്ന നിയമത്തിന് ബദൽ നിയമ നിർമ്മാണം പഞ്ചാബ് നിയമസഭ പാസാക്കുകയും ചെയ്തു.
അതേസമയം പ്രധാന മന്ത്രിയോട് ഇത്തരത്തിൽ കർഷകർക്ക് രോക്ഷം തോന്നുന്നത് സങ്കടകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കർഷകരെ കേൾക്കാനും സാന്ത്വനം നൽകാനും പ്രധാനമന്ത്രി കൂടുതൽ ശ്രദ്ധ നൽകണമെന്നും രാഹുൽ വ്യക്തമാക്കി.
Content Highlights; On Dussehra, Modi effigies burnt in Punjab to register protest against farm laws