തിരുവനന്തപുരം: എം ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിനൊരുങ്ങുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെച്ച് ഒഴിയണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.
നാല് വര്‍ഷത്തിലേറെ കാലം ഇടത് സര്‍ക്കാര്‍ തലപ്പത്തെ ചോദ്യം ചെയ്യപ്പെടാതെ നിന്ന വ്യക്തിയുടെ അസാധാരണ വീഴ്ച്ചയാണ് എം ശിവശങ്കറിന്റെ അറസ്റ്റോടെ ഉണ്ടായത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും, ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവര്‍ത്തിച്ചയാളാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്കും കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. കള്ളക്കടത്ത്കാര്‍ക്ക് കേരളം തീറെഴുതി കൊടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.
ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ കൊച്ചിയിലെ ഇഡി ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇഡി ഓഫീസിന് 200 മീറ്റര്‍ പരിധി പൂര്‍ണമായും പൊലീസ് സംരക്ഷണത്തിലായിരുന്നു. എന്നാല്‍ ഉച്ചയോടെ ശിവശങ്കറിനെ ഓഫീസിലെത്തിച്ചത് മുതല്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മതില്‍ ചാടി കടന്ന് പ്രതിഷേധവുമായെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Content Highlight: Opposition on strike amid Shivasankar’s arrest