ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: പ്രതിഷേധ സാധ്യത; എകെജി സെന്ററിന് വന്‍ സുരക്ഷ

തിരുവനന്തപുരം: ബെംഗളൂരു മയക്കു മരുനന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ എകെജി സെന്ററിന് ചുറ്റും സുരക്ഷ ശക്തമാക്കി പൊലീസ്. വിവിധ സംഘടനകളുടെ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷ. എകെജി സെന്ററിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്.

കൊവിഡ് പ്രോട്ടോക്കോള്‍ അടക്കം നിലവിലുള്ളതിനാല്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. പരിസരത്ത് കൂട്ടം കൂടി നില്‍ക്കുന്ന ആളുകളെയെല്ലാം പൊലീസ് ഒഴിപ്പിക്കുകയാണ്. സാധാരണ എകെജി സെന്ററിന് മുന്നില്‍ പ്രതിഷേധങ്ങള്‍ നടക്കാറില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്‌റിയിപ്പിലാണ് നടപടി. കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.

രണ്ടാം തവണയും ബിനീഷിനെ ബെംഗളൂരുവിലേക്ക് വിളിച്ച് വരുത്തി മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസ്സില്‍ പണം നിക്ഷേപിച്ചതെന്ന അനൂപിന്റെ മൊഴിയാണ് തിരിച്ചടിയായത്. മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിന് വേണ്ടി സമാഹരിച്ച പണം വകമാറ്റിയോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ബിനീഷിനെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു.

Content Highlight: Police protection on AKG Center after Bineesh Kodiyeri arrest