ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി. പുല്‍വാമ ആക്രമണം ഗൂഡാലോചനയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബിജെപി രംഗത്ത് വന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.
പുല്‍വാമയിലെ വിജയം ഇമ്രാന് ഖാന് നേതൃത്വത്തിന്റെ വിജയമാണെന്ന് കഴിഞ്ഞ ദിവസമാണ് പാക് ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരി ദേശീയ അസംബ്ലി സംവാദത്തിനിടെ പറഞ്ഞത്. എന്നാല്‍ പിന്നീട് പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള നടപടിയെയാണ് താന്‍ ഉദ്ധേശിച്ചതെന്ന് ചൗധരി മാറ്റി പറയുകയായിരുന്നു. പുല്‍വാമ ആക്രമണ സമയത്ത് വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന ചൗധരി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അടുത്ത അനുയായികളിലൊരാളായാണ് അറിയപ്പെടുന്നത്.
ചൗധരിയുടെ പരാമര്‍ശം പുറത്ത് വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ ഇടപെടല്‍. ലോകത്തെവിടെയും തീവ്രവാദത്തിന്റെ വേരുകള്‍ പാകിസ്താനിലാണെന്നും രാഹുല്‍ ഗാന്ധിയുടെ ആരോപണം വിരോധാഭാസമാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ബിജെപിയുടെ ഐടി വിഭാഗത്തിന്റെ ചുമതലയുള്ള അമിത് മാളവ്യയും സമാന പ്രതികരണമാണ് നടത്തിയത്.
2019 ഫെബ്രുവരിയിലാണ് കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
Content Highlight: BJP Demands Congress Apology Over ‘Conspiracy Theory’ After Minister Admits Pakistan Role in Pulwama Terror Attack