അഴിമതിക്കും നേതൃത്വം കൊടുക്കുകയും അഴിമതിയിൽ പങ്കാളിയാകുകയും ചെയ്തിട്ട് എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണൊ അതോ ഭരണത്തിനാണൊ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ലാവലിൻ അഴിമതി നടന്നപ്പോഴും പിണറായി വിജയൻ ഇതുതന്നെയാണ് ചെയ്തത്. ഇപ്പോഴും അതേ രീതിയിൽ ശിവശങ്കറിന്റെ തലയിൽ മുഴുവൻ കെട്ടിവെച്ച് രക്ഷപെടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണുന്നത് എന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കർ വ്യക്തിപരമായി ചെയ്ത കാര്യങ്ങളാണെന്നും ഇതിൽ നിയമപരമായോ ധാർമികപരമായോ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
21 തവണ സ്വർണ്ണക്കടത്ത് നടത്തിയപ്പോഴും അതിന് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്നും അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നു എന്നുമാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സർവ്വാധികാരം ഉപയോഗിച്ചതിന്റേയും, ഇത്തരം രാജദ്രോഹ പ്രവർത്തനത്തിന്റെ കടിഞ്ഞാൺ കൈയിലേന്തി പ്രവർത്തിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കില്ലെയെന്നും ചെന്നിത്തല ചോദിച്ചു.
നിയമപരമായും ധാർമികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാണെന്നും സ്വർണക്കടത്ത് കേസിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതിയായി നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയാനാണെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Content Highlights; ramesh chennithala against pinarayi vijayan