ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ വിപുലീകരിച്ച് ആരോഗ്യ വകുപ്പ്; മരുന്നുകളും പരിശോധനകളും സൗജന്യം

E-Sanjeevani project of Kerala government 

കൊവിഡ് ഭീതി ഇല്ലാതാക്കാനും നീണ്ട വരി നിന്നുകൊണ്ടുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കികൊണ്ട് ഡോക്ടർന്മാരുടെ സേവനങ്ങൾ ലഭ്യമാക്കാനും സർക്കാർ ഏർപ്പെടുത്തിയ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി പദ്ധതി വിപുലീകരിച്ച് ആരോഗ്യവകുപ്പ്. ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകൾ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ അറിയിച്ചു. ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ ലാബ് പരിശോധനകളും നടത്താൻ കഴിയും. ഇ-സഞ്ജീവനി കുറിപ്പടികൾക്ക് 24 മണിക്കൂർ മാത്രം സാധുതയുള്ളു എന്നതിനാൽ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തിൽ ആളുകളുടെ പതിവ് ഒ.പി ചികിത്സയ്ക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാൻ വേണ്ടി തുടങ്ങിയ ഇ-സഞ്ജീവനി കുറച്ചു നാൾകൊണ്ടുതന്നെ വലിയ സ്വീകാര്യത നേടിയിരിക്കുകയാണ്. ഇതുവരെ 49,000 പേരാണ് സംസ്ഥാനത്തെ ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്. നൂറിലധികം പേരാണ് ദിവസം തോറും സേവനം തേടുന്നത്. ഏകദേശം 6.52 മിനിറ്റുകൊണ്ട് ഇ-സഞ്ജീവനിയിലൂടെയുള്ള ഒരു കൺസൾട്ടേഷൻ പൂർത്തിയാകും. ആശുപത്രി യാത്രയും സമയനഷ്ടവും ചെലവുകളുമെല്ലാം ഇതിലൂടെ ഒഴിവാക്കാൻ കഴിയും. 

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ്, തിരുവനന്തപുരം ആർആർസി, കോഴിക്കോട് ഇംഹാൻസ്, കൊച്ചിൻ ക്യാൻസർ സെൻ്റർ, തുടങ്ങിയ സ്ഥാപനങ്ങളിലും ഒപി സേവനങ്ങൾ ഇ-സഞ്ജീവനിലൂടെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സർക്കാർ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാർ നേതൃത്വം നൽകുന്ന ഒപികളും ഇ-സഞ്ജീവനിയിലൂടെ തുടങ്ങിയിട്ടുണ്ട്. ഫീൽഡ് തല ആരോഗ്യപ്രവർത്തകർ, വോളൻ്റിയർമാർ എന്നിവരിലൂടെ ഇ-സഞ്ജീവനി സേവനങ്ങൾ എത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായി. 

content highlights: E-Sanjeevani project of Kerala government