ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്; ഇന്ത്യയിലെ കൊവിഡ് പോരാളികളെ രാജ്യം പ്രശംസിക്കുകയാണെന്ന് ഏകത ദിവസില്‍ പ്രധാനമന്ത്രി

അഹമ്മദാബാദ്: ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിലെ പ്രത്യേക പദവി എടുത്തു മാറ്റി ഇന്ത്യക്കൊപ്പം ചേര്‍ക്കണമെന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നെന്ന് മോദി പറഞ്ഞു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145-ാം ജന്മദിനത്തിന്റെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

ഇന്ത്യയിലെ കൊവിഡ് പോരാളികളെ ലോകം പ്രശംസിക്കുകയാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണെന്നും ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളും നേടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സമാധാനമെന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും തുറന്നടിച്ചു. ഭീകരവാദത്തിലൂടെ ആരും ഒന്നും നേടില്ലെന്നും ലോകത്തെ തന്നെ ഒരു കുടുംബമായി കാണുകയാണ് വേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

Content Highlight: PM Modi at Statue of Unity on birth anniversary of Sardar Vallabhbhai Patel