‘പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയില്ല’; ബിജെപിയില്‍ ഭിന്നത രൂക്ഷം

കൊച്ചി: ശോഭാ സുരേന്ദ്രന് പിന്നാലെ കെ. സുരേന്ദ്രനെതിരെ ആരോപണങ്ങളുമായി ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. ദേശീയ കൗണ്‍സില്‍ അംഗം പി എം വേലായുധനാണ് കെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നാരോപിച്ച് രംഗത്തെത്തിയത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയില്ലെന്ന പരാതിയാണ് കൗണ്‍സില്‍ അംഗം അറിയിച്ചത്.

ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണെന്നും, പുതിയ വെള്ളം വരുമ്പോള്‍ നിന്ന വെള്ളം ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയില്‍ എന്നും വേലായുധന്‍ പ്രതികരിച്ചു. മറ്റ് പാര്‍ട്ടികളില്‍ സുഖലോലുപത അനുഭവിച്ച് വന്നവരാണ് ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പുതിയ ആളുകള്‍ വന്നതോടെ പ്രസ്ഥാനത്തിന് വേണ്ടി ഇത്രനാള്‍ കഷ്ടപ്പെട്ടവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ട്ടി പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തന്നെയും ശ്രീശനെയും തല്‍സ്ഥാനത്ത് നിര്‍ത്താമെന്ന വാക്ക് സുരേന്ദ്രന്‍ പാലിച്ചില്ലെന്നും വേലായുധന്‍ പറഞ്ഞു. സംഘടന സെക്രട്ടറിമാരും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ, എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷിയായ ബിഡിജെഎസ് ബിജെപിയോട് ഇടഞ്ഞ് സഖ്യമുപേക്ഷിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ മുന്നണി ശക്തപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ശോഭയുമായും ബിഡിജെഎസുമായും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ശോഭ സുരേന്ദ്രന് സീറ്റ് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.

Content Highlight: Another BJP Leader against K Surendran after Shobha Surendran