ഒറ്റ ദിവസം ഒരു ലക്ഷം കോടി രൂപ നഷ്ടം; കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപെട്ട് മുകേഷ് അംബാനി

Mukesh Ambani slips 3 spots on global rich list as RIL stock tumbles

സെപ്റ്റംബർ മാസത്തിലെ അറ്റാദായത്തിൽ 15 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ റിലയൻസ് ഇൻസ്ട്രീസിന് ഓഹരി വിപണിയിൽ കനത്ത തകർച്ച. ഇന്നലെ മാത്രം റിലയൻസിന്റെ ഓഹരി വിലയിൽ 8.62 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് തള്ളപെട്ടു.

ആറാമതായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയിലെ സ്ഥാനം. റിലയൻസിന്റെ വിപണി മൂല്യം കുറഞ്ഞതോടെ ഫോബ്സിന്റെ തത്സമയ പട്ടിക പ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞത് 71. 5 ബില്യൺ ഡോളറായി താഴ്ന്നു. കമ്പനിയുടെ വിപണി മൂല്യത്തിൽ 1.2 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണി മൂല്യം. ജൂലായ് സെപ്റ്റംബർ മാസത്തിലെ അറ്റാദായത്തിൽ 15 ശതമാനം കുറവുണ്ടായതോടെയായിരുന്നു നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്.

വിദേശ നിക്ഷേപകർ വൻ തോതിൽ നിക്ഷേപമായെത്തിയതിനെ തുടർന്ന് ഓഹരി വില 2369 രൂപ വരെ ഉയർന്നിരുന്നു. മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയിൽ നിന്നുമായിരുന്നു ഈ കുതിപ്പ്. ഇലോൺ മസ്കാണ് ഫോബ്സിന്റെ പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യൺ ഡോളറാണ് അദ്ധേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്.

Content Highlights; Mukesh Ambani slips 3 spots on global rich list as RIL stock tumbles