കൊറോണയെ തോൽപ്പിക്കാനുള്ള അദ്യപടിയെന്നത് ട്രംപിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബെെഡൻ. പീറ്റ്സ്ബർഗിൽ നടന്ന തെരഞ്ഞെടുപ്പ് സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു ജോ ബെെഡൻ. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ട്രംപിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതുവരെ 10 കോടിയിലധികം ജനങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുകഴിഞ്ഞു.
എനിക്ക് പറയാനുള്ളത് വളരെ ലളിതമാണ്. ഈ രാജ്യത്തിന് മാറ്റം കൊണ്ടുവരാനുള്ള അധികാരം നിങ്ങളുടെ കെെകളിലാണ്. ഡോണാൾഡ് ട്രംപ് എന്തു ചെയ്യുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. അദ്ദേഹം എത്രതന്നെ പരിശ്രമിച്ചാലും ജനങ്ങളെ വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. ബെെഡൻ പറഞ്ഞു. നിങ്ങൾ വോട്ട് ചെയ്യണമെന്ന് ട്രംപ് ആഗ്രഹിക്കുന്നില്ല. അമേരിക്കക്കാർ എല്ലാവരും വോട്ട് ചെയ്യണമെന്നും ആഗ്രഹമില്ല. സമ്പന്നരായ ആളുകൾ മാത്രം വോട്ടുചെയ്യണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ആധുനിക പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ട്രംപിനെ പോലെ വോട്ടെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ച മറ്റൊരു സ്ഥാനാർത്ഥിയും ഇല്ലെന്നാണ് അടുത്തിടെ വന്ന മാധ്യമ ലേഖനത്തിൽ പറയുന്നതെന്നും ബെെഡൻ ചൂണ്ടിക്കാട്ടി.
നമ്മൾ ദിനംപ്രതി വംശീയതയുമായാണ് പോരാടുന്നത്. ട്വീറ്റുകൾ, വിദ്വേഷം, വെറുപ്പ്, ആക്രമണം എന്നിവയെ നിരന്തരം നേരിടുകയാണ്. ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ചെയ്തു തീർക്കാനുണ്ട്. ഇത് നിർണ്ണായകമായ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പിൽ ഞാൻ വിജയിക്കുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് നിന്ന് പോരാടാം. വിജയിച്ചു കഴിഞ്ഞാൽ ആദ്യ ദിവസം തന്നെ കൊവിഡ് നിയന്ത്രണത്തിലാക്കാൻ നാം പ്രവർത്തിക്കാൻ തുടങ്ങും. ബെെഡൻ വ്യക്തമാക്കി.
content highlights: “The first Step To Beating Coronavirus Is Defeating Trump”: Joe Biden