റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫും മനേജിംഗ് ഡയറക്ടറുമായ അർണബ് ഗോസ്വാമിയെ മുംബെെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് മുംബെെ പൊലീസ് അർണബിനെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്.
2018ൽ അലിബാഗ് സ്വദേശിയായ ഇൻ്റീരിയർ ഡിസെെനർ അൻവെെ മാലിക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. റിപ്പബ്ലിക് ടിവിയും മറ്റ് രണ്ട് സ്ഥാപനങ്ങൾക്കുമായി ജോലികൾ ചെയ്തിരുന്ന അൻവെെ മാലിക്കിന് 83 ലക്ഷം രൂപ പ്രതിഫലമായി കിട്ടാനുണ്ടായിരുന്നു. ഇത് കിട്ടാതെ വന്നതിനെ തുടർന്നാണ് ഇയാളും മാതാവും ആത്മഹത്യ ചെയ്തതെന്നാണ് ഭാര്യയും മകളും പരാതി നൽകിയത്. ഇതിനെ തുടർന്ന് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒട്ടും വെെകാതെ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം മേയിലാണ് മരിച്ച അൻവെെ മാലിക്കിൻ്റെ മകളുടെ പരാതിയിൽ മഹാരാഷ്ട്ര പൊലീസ് കേസ് എടുത്ത് പുനരന്വേഷണം തുടങ്ങിയത്.
കസ്റ്റഡിയിൽ എടുത്ത അർണബിനെ അലിബാഗിലേക്ക് കൊണ്ടുപോവുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മുംബെെ പൊലീസ് തന്നെ ബലമായി കസ്റ്റഡിയിൽ എടുക്കുകയാണെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് അർണബിൻ്റെ പരാതി. സമൻസുകളോ കോടതിയിൽ നിന്നുള്ള മറ്റ് ഉത്തരവുകളോ പൊലീസ് അർണബിന് കെെമാറിയിട്ടില്ല.
content highlights: Republic TV Editor-in-Chief Arnab Goswami arrested by Mumbai Police