കേരളാ ബിജെപിക്കുള്ളില്‍ ചേരിപ്പോര്; സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിമര്‍ശനം

കോഴിക്കോട്: കേരള ബിജെപിക്കുള്ളില്‍ ചേരിപോര് രൂക്ഷമാകുന്നതോടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ നില്‍ക്കെയാണ് പാര്‍ട്ടിക്കുള്ളിലെ പോരെന്നതാണ് ബിജെപിയെ കുഴക്കുന്നത്. ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനമല്ല, മറിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്ന് കാട്ടിയാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

കുറച്ച് കാലമായി പൊതു മധ്യത്തില്‍ പ്രത്യക്ഷപ്പെടാതിരുന്ന ശോഭ സുരേന്ദ്രനാണ് ആദ്യം സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നത്. പിന്നാലെ തന്നെ പി എം വേലായുധന്‍, കെ പി ശ്രീശന്‍ എന്നിവര്‍ സുരേന്ദ്രനെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. അവഗണിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ പാര്‍ട്ടി തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നെന്നാണ് നേതാക്കളുടെ പ്രതികരണം. ബിജെപിയില്‍ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനമല്ല, ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും ഇത്തരത്തിലാണ് പ്രവര്‍ത്തനമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും കാണിച്ച് ഒരു വിഭാഗം കേന്ദ്‌നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനെതിരെ കേന്ദ്രത്തിന് രണ്ട് വട്ടം കത്ത് നല്‍കിയിരുന്നു. അതേസമയം, പാര്‍ട്ടിയിലെ സംഘടന പ്രശ്‌നങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍.

Content Highlight: Internal conflicts tightens in Kerala BJP