ഭോപ്പാല്‍: മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ ദുരന്ത നിവാരണ സേനക്ക് പിന്നാലെ സൈന്യമെത്തി. കഴിഞ്ഞ ബുധനാഴ്ച്ച വീടിന് സമീപത്തെ വയലില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയാണ് കുഴല്‍ കിണറില്‍ വീണത്. സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് സംഘം.
അബദ്ധത്തില്‍ കിണറില്‍ വീണ കുട്ടിയെ മാതാപിതാക്കളുടെ തെരച്ചിലിനൊടുവിനാണ് കണ്ടു കിട്ടിയത്. 58 അടി താഴ്ച്ചയിലാണ് കുട്ടിയുള്ളത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്ക്കുന്ന സ്ഥലം സേന കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസമായി കുഴല്‍ കിണറിനുള്ളില്‍ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാകുന്നതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ രക്ഷാ പ്രവര്‍ത്തകരോട് സംസാരിച്ച കുട്ടി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും കുഞ്ഞിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ട്വീറ്റ് ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിന് തടസമുണ്ടാകാതിരിക്കാന്‍ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Content Highlight: Army force landed to Madhya Pradesh to rescue Child fell down on borewell