റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ അടുത്ത വർഷം ജനുവരിയോടുകൂടി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. പാർക്കിൻസൺസ് രോഗത്തെ തുടർന്നാണ് പ്രസിഡൻ്റ് പദവിയിൽ നിന്ന് വിരമിക്കാൻ പുടിൻ തയ്യാറെടുക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുടിൻ്റെ പാട്ണറായ അലീന കബേവയും മക്കളും ആരോഗ്യം കണക്കിലെടുത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിയാൻ അദ്ദേഹത്തെ നിർബന്ധിക്കുന്നതായും ന്യൂയോർക്ക് പോസ്റ്റിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
‘ആദ്ദേഹത്തിന് ഒരു കുടുംബമുണ്ട്. കുടുംബവുമായി വളരെ അടുപ്പത്തിലാണ് പുടിൻ. അതുകൊണ്ടുതന്നെ ജനുവരിയോടുകൂടി സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട തീരുമാനം പരസ്യപ്പെടുത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്’. മോസ്കോ രാഷ്ട്രീയ ഗവേഷകനായ വലേരി സോളോവി പറഞ്ഞു. പാർക്കിൻസൺസ് രോഗം അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നുണ്ടെന്നും അടുത്തിടെയായി രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ടെന്നും വലേരി സോളോവി പറഞ്ഞു. അദ്ദേഹത്തിൻ്റെ കാലുകൾ നിരന്തരം ചലിക്കുന്നതായും കാൽമുട്ട് മടക്കുമ്പോൾ വേദന അനുഭവപ്പെടുന്നതായും പുടിൻ്റെ സമീപകാല ഫൂട്ടേജുകൾ പരിശോധിച്ചാൽ മനസിലാകുന്നുവെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പുടിൻ നിരന്തരം വേദനസംഹാരികൾ കഴിക്കുന്നുണ്ടെന്നും ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തൻ്റെ പിൻഗാമിയാവാൻ പുടിൻ ഉടൻതന്നെ ഒരു പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കുമെന്നും വലേരി സോളോവി ന്യൂയോർക്ക് പോസ്റ്റിൽ പറഞ്ഞു. മുൻ പ്രസിഡൻ്റുമാരെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കികൊണ്ടുള്ള നിയമനിർമ്മാണം പാസാക്കാൻ റഷ്യൻ ഗവൺമെൻ്റ് തയ്യാറെടുക്കുന്ന സമയത്താണ് പുടിൻ്റെ രാജി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.
content highlights: Vladimir Putin to quit as Russian President next year amid health concerns: Report