കലഹമൊഴിയാതെ കേരള ബിജെപി; അവഗണിക്കപ്പെട്ടവരെ അണിനിരത്താന്‍ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: സമവായ ചര്‍ച്ചകള്‍ ഫലം കാണാതെ ബിജെപിക്കുള്ളിലെ ഉള്‍പാര്‍ട്ടി പോര് കൂടുതല്‍ വഷളാകുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒതുക്കപ്പെട്ട പ്രവര്‍ത്തകരെയെല്ലാം ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ശോഭ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പാര്‍ട്ടിക്കുള്ളിലെ ചേരിപോര് അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം മുന്‍കൈ എടുത്തെങ്കിലും അത് ഫലം കണ്ടില്ലെന്നതാണ് ശോഭ സുരേന്ദ്രന്റെ പുതിയ നീക്കം നല്‍കുന്ന സൂചന.

സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതു മുതല്‍ മൗനത്തിലായിരുന്ന ശോഭ സുരേന്ദ്രന്‍ അടുത്തിടെയാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ശോഭയ്ക്ക് പിന്നാലെ സുരേന്ദ്രന്റെ നേത#ത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മറ്റ് നേതാക്കളും രംഗത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളിലെ പോര് കനക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ മാത്രമല്ല, പുനഃസംഘടനയില്‍ ജില്ലകളിലും അസ്വസ്ഥരുടെ വലിയ നിരയുണ്ട്. ഇവരെയെല്ലാം സുരേന്ദ്രനെതിരെ അണി നിരത്താനാണ് ശോഭയുടെ നീക്കം.

ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ആര്‍എസ്എസ് നേതൃത്വം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും പോര് മുറുകുകയാണ്. ഇതിനിടെ ബിജെപി വിട്ട് ശോഭ സുരേന്ദ്രന്‍ കോണ്‍ഗ്രസുമായോ എല്‍ഡിഎഫുമായോ ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശോഭ മറുപടി നല്‍കാത്തതും നേതൃത്വത്തെ കുഴക്കുന്നുണ്ട്.

Content Highlight: Shobha Surendran against K Surendran