യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ പരാജയം ഡോണാൾഡ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ട്രംപിൻ്റെ അടുത്ത സുഹൃത്തുകളും ബന്ധുക്കളും. തെരഞ്ഞെടുപ്പിൽ ജോ ബെെഡൻ വിജയിച്ചിട്ടും തോൽവി സമ്മതിക്കാത്ത ട്രപിനോട് ബെെഡന് സ്ഥാനം ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ട് ട്രംപിൻ്റെ മരുമകനും മുതിർന്ന ഉപദേഷ്ടാവുമായ ജേർഡ് കുഷ്നർ അദ്ദേഹത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബൈഡന് വിജയിച്ചതായ അവകാശവാദം വ്യാജമാണെന്നും താനാണ് യാഥാര്ത്ഥി വിജയി എന്നും അന്തിമഫലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും ട്രംപ് ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പരാജയപ്പെട്ടാലും താൻ വെെറ്റ് ഹൌസ് വിടില്ലെന്ന സൂചനയും ട്രംപ് നേരത്തെ നൽകിയിരുന്നു.
ട്രംപിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെന്ന് കുഷ്നർ പറഞ്ഞെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ജനതയുടെ വോട്ട് സത്യസന്ധമായി എണ്ണുന്നതുവരെ താൻ വിശ്രമിക്കില്ലെന്നും തിങ്കളാഴ്ച മുതൽ നിയമ പോരാട്ടം തുടങ്ങുമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. അതേസമയം ബെെഡനും ട്രംപും തമ്മിൽ ഇതേവരെ പരസ്പരം ആശയ വിനിമയം നടത്തിയിട്ടില്ല. 20 ഇലക്ടറൽ കോളേജ് വോട്ടുള്ള പെൻസിൽവാനിയയിൽ ജയിച്ചതോടെയാണ് ജോ ബൈഡൻ വിജയമുറപ്പിച്ചത്. പെൻസിൽവാനിയയിലേയും ജോർജ്ജിയയിലേയും മറ്റും ഫലങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
content highlights: Trump’s Son-In-Law Approached Him About Conceding Election: Reports