കൊവിഡ് പ്രതിരോധ വാക്‌സിന്റെ വിജയം മനഃപൂര്‍വം വൈകിച്ചു; തന്നെ തോല്‍പ്പിക്കാനെന്ന് ട്രംപ്

വാഷിങ്ടണ്‍: പരീക്ഷണ ഘട്ടത്തിലിരുന്ന ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ 90 ശതമാനവും വിജയമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്. പ്രഖ്യാപനം നടത്തിയ ഫൈസറിനും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമെതിരെയാണ് ട്രംപിന്റെ ആരോപണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം തടയുന്നതിനായി വിജയ പ്രഖ്യാപനം മനഃപൂര്‍വ്വം വൈകിപ്പിച്ചതായാണ് ട്രംപിന്റെ ആരോപണം.

ബഹുരാഷ്ട്ര അമേരിക്കന്‍ മരുന്നുകമ്പനിയായ ഫൈസറിന്റെ പരീക്ഷണ വാക്സിന്‍ 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച ബിഎന്‍ടി 162 ബി 2 എന്ന പേരിലുള്ള വാക്‌സിന്റെ പരീക്ഷണം മൂന്നാംഘട്ടത്തിലാണ്. വാക്‌സിന്‍ ഫലപ്രദമായതോടെ 2020 ല്‍ അഞ്ചു കോടി വാക്‌സിനും 2021 ല്‍ 130 കോടി വാക്‌സിനും ആഗോളതലത്തില്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മരുന്ന് നിര്‍മ്മാതാക്കള്‍ പങ്കു വെക്കുന്നത്.

തിങ്കളാഴ്ച്ചയാണ് ഫൈസര്‍ മരുന്ന് ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചത്. വാക്‌സിന്റെ ആദ്യത്തെ ഡോസ് നല്‍കി ഏഴു ദിവസത്തിനുള്ളിലും ആദ്യ ഡോസിന് ശേഷം 28 ദിവസത്തിനുള്ളിലും രോഗികളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബര്‍ട്ട് ബൗര്‍ളയാണ് അറിയിച്ചത്.

Content Highlight: Trump alleges Pfizer withheld its announcement before US election