‘ഇത് നരേന്ദ്രമോദിയുടെ വിജയം’; ബിഹാര്‍ ഫലത്തില്‍ പ്രതികരണവുമായി ചിരാഗ് പസ്വാന്‍

ന്യൂഡല്‍ഹി: ബിഹാറില്‍ അപ്രതീക്ഷിതമായ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് ചിരാഗ് പസ്വാന്‍. ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം ചോര്‍ന്നിട്ടില്ലെന്നതിന്റെ തെളിവാണ് ബിഹാറിലെ വിജയമെന്നും ചിരാഗ് പറഞ്ഞു. പാര്‍ട്ടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഭൂരിപക്ഷ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെയാണ് ബിഹാറിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് ചിരാഗ് പസ്വാന്‍ പറഞ്ഞത്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ അഞ്ച് സീറ്റുകളില്‍ വരെ ലീഡ് നില ഉയര്‍ത്തിയിരുന്നെങ്കിലും ഒരു സീറ്റാണ് ചിരാഗ് പസ്വാന്റെ എല്‍ജെപിക്ക് നേടാനായത്. 74 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ബിജെപിയുടെ മുഖ്യ എതിരാളിയായ ആര്‍ജെഡി 75 സീറ്റുകളും നേടി. എന്‍ഡിഎ സഖ്യം 125 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം മറികടക്കുകയായിരുന്നു.

മഹാസഖ്യത്തിന്റെ വിജയമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നതെങ്കിലും എന്‍ഡിഎയുടെ വന്‍ തിരിച്ച് വരവിനാണ് ബിഹാര്‍ സാക്ഷ്യം വഹിച്ചത്.

Content Highlight: “This Is PM Narendra Modi’s Win”: Chirag Paswan On Bihar Results