ബിജെപി ഉള്‍പ്പോരിന് വിരാമം; ശോഭ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: ബിജെപിക്കുള്ളിലെ പോരിന് അറുതി വരുത്താനൊരുങ്ങി നേതൃത്വം. സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ ഒതുക്കി തീര്‍ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അനുനയ ശ്രമങ്ങളുമായി പാര്‍ട്ടി തന്നെ രംഗത്തെത്തിയത്. അനുനയ ശ്രമത്തിന്റെ ഭാഗമായി ശോഭ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് നിലവിലെ വിവരങ്ങള്‍.

കെ സുരേന്ദ്രനെതിരെ രംഗത്ത് വന്ന മുതിര്‍ന്ന നേതാക്കളെയെല്ലാം ശോഭ സുരേന്ദ്രന്റെ സ്ഥാനത്തോടെ പാര്‍ട്ടിക്കൊപ്പം ചേര്‍ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ശോഭ പാര്‍ട്ടിയുമായി ഇടഞ്ഞാല്‍ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന വിഷയം കണക്കിലെടുത്താണ് പാര്‍ട്ടിയുമായി ഇണക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ മുന്‍കൈ എടുത്തത്.

നേരത്തെ ഉപാധ്യക്ഷനായിരുന്ന എ.എന്‍. രാധാകൃഷ്ണനെ ഇത്തരത്തില്‍ കോര്‍ കമ്മിറ്റി അംഗമാക്കി പ്രശ്നപരിഹാരം കണ്ടിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവില്‍ പി.എം. വേലായുധനെ പരിഗണിക്കാനാണ് ആലോചന. പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയവര്‍ക്കെതിരെ വഴങ്ങുന്നതിനെതിരെ ഒരു ഭാഗത്ത് എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

Content Highlight: BJP to upgrade Shobha Surendran to State Core Committee