ചരിത്രത്തിലാദ്യമായി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്രം; പ്രധാന കേസുകള്‍ അന്വേഷിക്കുന്നതിനാലെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി ഒരു വര്‍ഷം കൂടി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 18 ന് സ്ഥാനത്ത് നിന്ന് വിരമിക്കേണ്ടിയിരുന്ന ഡയറക്ടര്‍ സജ്ഞയ് കുമാര്‍ മിശ്രയുടെ കാലാവധിയാണ് ഒരു വര്‍ഷം കൂടി ഉയര്‍ത്തിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കേന്ദ്ര സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. ഇപ്പോഴന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രീയ പ്രധാന്യം കൂടി കണക്കിലെടുത്താണ് മോദിയുടെ വിശ്വസ്തനായ കുമാര്‍ മിശ്ര തന്നെ തുടരട്ടെയെന്ന കേന്ദ്ര തീരുമാനം.

പ്രഗല്‍ഭരായ പലരെയും ഇഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് നിശ്ചയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Content Highlight: Central Government extends period of Enforcement Director to one year first time in History