അൽഖ്വയ്ദ സ്ഥാപകരിൽ ഒരാളും നേതൃനിരയിലെ രണ്ടാമനുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ഇറാനിൽ വെച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ വകവരുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ നിർദേശപ്രകാരം ആഗസ്റ്റ് 7ന് വകവരുത്തിയെന്നാണ് റിപ്പോർട്ട്. ടെഹ്റാനിലെ തെരുവിൽ വെച്ച് മോട്ടോർ സെെക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്.
1998ൽ ആഫ്രിക്കയിൽ രണ്ട് യുഎസ് എംബസികളിൽ ബോംബ് സ്ഫോടനം നടത്തിയതിലടക്കം ഇയാൾ പ്രധാന സൂത്രധാരനായിരുന്നു. ടാൻസാനിയയിലേയും കെനിയയിലെയും യുഎസ് എംബസികളിലേക്ക് നടത്തിയ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് പട്ടികയിൽ ഉൾപ്പെട്ടയാളാണ് അബ്ദുള്ള അഹമ്മദ് അബ്ദുള്ള.
ഈജിപ്തിൽ ജനിച്ച അബ്ദുള്ള അഹമ്മദ് അബ്ദുള്ള, അബു മുഹമ്മദ് അൽ മസ്രി എന്നാണ് അറിയപ്പെട്ടിരുന്നത്. അൽ ഖ്വയ്ദ തലവൻ അയ്മാൻ അൽ സവഹ്രിക്ക് ശേഷം ഇദ്ദേഹമായിരുന്നു അൽഖ്വയ്ദ തലവനാകേണ്ടിയിരുന്നത്. ഇറാനിൽ കഴിയുന്ന ഇയാളെ കണ്ടെത്താനുള്ള രഹസ്യനീക്കങ്ങളിലായിരുന്നു അമേരിക്ക.
എന്നാൽ മസ്രിയുടെ മരണം അൽഖ്വയ്ദ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ വൃർത്തങ്ങളും ഇതുവരെ വാർത്ത പുറത്തുവിടാൻ തയ്യാറായിട്ടില്ല. മസ്രിയുടെ മകളും ഇസ്രായേൽ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അൽഖ്വയ്ദ മേധാവിയായിരുന്ന ഉസാമ ബിൻലാദൻ്റെ മകൻ ഹംസ ബിൻലാദനെയാണ് മസ്രിയുടെ മകൾ വിവാഹം കഴിച്ചിരുന്നത്.
content highlights: Top Al Qaeda Terrorist Killed In Iran By Israeli Operatives: Report