സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കറിന് ജാമ്യമില്ല

gold smuggling case, Siva Shankar bail plea rejected

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ എതിർത്ത് എൻഫോഴ്സ്മെന്റ് ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചതായും അതിന് വഴങ്ങാത്തതിനെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണ ഏജൻസിക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും താൻ അതിന് ഇരയാകുകയാണെന്നും എഴുതി നൽകിയ വിശദീകരണത്തിൽ ശിവശങ്കർ പറഞ്ഞു. ഇതിനെ ഇഡി കോടതിയിൽ എതിർത്തു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ശിവശങ്കറിനോട് ആവശ്യപെട്ടിട്ടില്ലെന്നും ശിവശങ്കർ ദുരുദ്ധേശ്യപരമായാണ് ഇത്തരം വാദം ഉയർത്തുന്നതെന്നും ഇഡി അഭിഭാഷകൻ അറിയിച്ചു. സ്വപ്നയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ എന്ന പേരിൽ ഇഡി നുണ പ്രചരണം നടത്തുന്നുവെന്നും ശിവശങ്കർ ആരോപിച്ചു.

ബാഗേജ് വിട്ടു കിട്ടുന്നതിനായി ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ലെന്നും സ്വർണ്ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധനുമില്ലെന്നും ശിവശങ്കർ വിശദീകരണത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇ.ഡിയുടെ ലക്ഷ്യമെന്ന് ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കൂടാതെ യാതൊരു തെളിവുമില്ലാതെയാണ് ഈ കേസിൽ ഇഡി അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്നും അഭിഭാഷകൻ വാദിച്ചു.

Content Highlights; gold smuggling case, Siva Shankar bail plea rejected