ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ കുഞ്ഞന്‍ ഉപഗ്രഹം; പരീക്ഷണ ദൗത്യം ആരംഭിച്ച് ജപ്പാന്‍

ടോക്കിയോ: ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹ മാലിന്യങ്ങളെ ശേഖരിച്ച് നശിപ്പിക്കാന്‍ കുഞ്ഞന്‍ ഉപഗ്രഹത്തെ അയക്കാനൊരുങ്ങി ജാപ്പനീസ് സ്റ്റാര്‍ട്ട്അപ്പ് കമ്പനി. ആസ്‌ട്രോസ്‌കെയില്‍ ഹോള്‍ഡിള്‍ങ്‌സ് ഐഎന്‍സി എന്ന കമ്പനിയുടെ ഉപഗ്രഹത്തെ റഷ്യയുടെ സോയൂസ് റോക്കറ്റിന്റെ സഹായത്തോടെയാണ് ബഹിരാകാശത്ത് എത്തിക്കുക. കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് ദൗത്യം ആരംഭിക്കുക.

അടുത്ത മാര്‍ച്ചോടെ ഉപഗ്രഹത്തെ ഭ്രമണ പദത്തില്‍ എത്തിക്കുകയാണ് കമ്പനിയുടെ ദൗത്യം. പ്രവര്‍ത്തനം നിലച്ച ഉപഗ്രഹങ്ങളും റോക്കറ്റിന്റെ അവശിഷ്ടങ്ങളും ഉള്‍പ്പെടെ സജീവ ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ നിലയത്തിനും ഭീഷണിയായ അവശിഷ്ടങ്ങളാണ് കുഞ്ഞന്‍ ഉപഗ്രഹം ശേഖരിക്കുക. ജപ്പാന്‍ ബഹിരാകാശ ഏജന്‍സി ഇതിനോടകം പത്ത് സെന്റീമീറ്ററില്‍ കൂടുതലുള്ള വലുപ്പമുള്ള 20,000 അവശിഷ്ടങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

ചിറകു പോലുള്ള സോളാര്‍ പാനലുകളാണ് ഉപഗ്രഹത്തിനുള്ളത്. ഉപഗ്രഹത്തില്‍ ഉറപ്പിച്ചിട്ടുള്ള കാന്തമാണ് മറ്റ് ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളെ ആകര്‍ഷിക്കുക. ഉപഗ്രഹം തിരികെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഉപഗ്രഹവും അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ വെച്ച് തന്നെ ചാരമായി മാറും.

ബോക്‌സിന്റെ ആകൃതിയുള്ള ഉപഗ്രഹത്തിന് 60 സെന്റീമീറ്റര്‍ ഉയരവും 110 സെന്റീമീറ്റര്‍ വീതിയും 175 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും. ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2013ല്‍ ജപ്പാനിലെ ധനകാര്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായ നോബു ഒകഡയാണ് ആസ്‌ട്രോസ്‌കെയില്‍ ആരംഭിച്ചത്. ജപ്പാന്‍ എയ്‌റോസ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ കമ്പനിയുമായി സഹകരിച്ച് റോബോട്ടിന്റെ സഹായത്തോടെ ബഹിരാകാശത്തു നിന്നും അവശിഷ്ടങ്ങള്‍ ശേഖരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പരീക്ഷണ ദൗത്യം കമ്പനി ആരംഭിച്ച് കഴിഞ്ഞു.

Content Highlight: Japan startup to launch satellite for space debris removal in March