2021ൽ ഒളിമ്പിക്സ് നടത്താൻ തയ്യാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി

Japan’s Suga tells UN Tokyo is ‘determined’ to host Olympics

2021ൽ ഒളിമ്പിക്സ് നടത്താൻ തയ്യാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ ഐക്യരാഷ്ട്ര സഭയിൽ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് 2021ൽ ഒളിമ്പിക്സ് നടത്താൻ തയ്യാറാണെന്ന് സുഗ അറിയിച്ചത്.  മനുഷ്യർ കൊവിഡിനെ അതിജീവിക്കുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ വേണ്ടി ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നാണ് പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞത്. കൂടാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജൂലെെയിൽ നടത്താനിരുന്ന ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി ഇൻ്റർനാഷണൽ ഒളിമ്പിക്സ് കമ്മറ്റി നീക്കിവെയ്ക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി പതിനൊന്നായിരം കായിക താരങ്ങളാണ് 2020ലെ ഒളിമ്പിക്സ് മത്സരങ്ങളിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. വാക്സിൻ എത്തിയില്ലെങ്കിലും ഒളിമ്പിക്സ് നടത്താമെന്ന നിലപാടിലായിരുന്നു നേരത്തേയും ഇൻ്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി. പരമാവധി കാണികളെ കുറച്ചുകൊണ്ട് മത്സരം സംഘടിപ്പിക്കാനാണ് സംഘാടകർ ആലോചിക്കുന്നത്. അതേസമയം പൂർണമായും കാണികളെ ഒഴിവാക്കേണ്ടെന്ന നിലപാടിലാണ് ജപ്പാൻ. ഒളിമ്പിക്സിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങളിൽ ജപ്പാൻ മാറ്റം വരുത്തിയേക്കും.

content highlights: Japan’s Suga tells UN Tokyo is ‘determined’ to host Olympics