കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്നും കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കേന്ദ്ര സര്‍ക്കാർ. കര്‍ഷകരുടെ പ്രതിഷേധത്തിൽ അവരെ സര്‍ക്കാര്‍ വളരെയധികം ബഹുമാനത്തോടെ സമീപിക്കുന്നതായും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതായും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. 

മനുഷ്യാവകാശ കൗണ്‍സിലിന്റെ 46-ാമത് സെഷനില്‍ പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്ര മണി പാണ്ഡെ. 2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുകയെന്നത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ്. ഇത് ചെറുകിട കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും കൂടുതല്‍ നേട്ടം വാഗ്ദാനം ചെയ്യുന്നതാണെന്നും പാണ്ഡെ പറഞ്ഞു

2019 ഓഗസ്റ്റില്‍ പാര്‍ലമെന്റ് നടത്തിയ ജമ്മു കശ്മീരിലെ ഭരണഘടനാപരമായ മാറ്റങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ജനങ്ങള്‍ സ്വാഗതം ചെയ്ത ചരിത്രപരമായ തീരുമാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തീവ്രവാദ ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായും പുരോഗമന ദേശീയ നിയമങ്ങള്‍ ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിച്ചതായും അവിടുത്തെ ജനങ്ങള്‍ക്ക് ഇന്ത്യയിലെ മറ്റ് ജനങ്ങളുടെ അതേ അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

content highlights: “Showed Utmost Respect To Protesting Farmers”: India At UN Human Rights Council