ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ല; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമെന്ന് ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ തുടരില്ലെന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. വിപണന കേന്ദ്രങ്ങളില്‍ ആളുകള്‍ കൂടുന്നതാണ് തലസ്ഥാനത്ത് കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടിയതിന് പിന്നാലെ അത്തരം സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. പൂര്‍ണ ലോക്കഡൗണ്‍ ഇല്ലെങ്കിലും പ്രാദേശിക ലോക്കഡൗണുകള്‍ തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

നിലവിലെ സാഹചര്യത്തില്‍ വിപണന കേന്ദ്രങ്ങള്‍ ഹോട്ട്‌ സ്‌പോട്ടുകളാകുന്നുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഉത്സവ ദിനങ്ങളും അവധി ദിനങ്ങളും തുടര്‍ച്ചയായി വന്നതിനാല്‍ തലസ്ഥാനത്തെ കൊവിഡ് പരിശോധനയും കുത്തനെ കുറഞ്ഞിരുന്നു. അതിനാല്‍ തന്നെ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.

രാജ്യതലസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണെന്ന് നേരത്തെ കെജ്‌രിവാളടക്കം പറഞ്ഞിരുന്നു. എങ്കിലും നിലവില്‍ കൊവിഡിന്റെ ഔന്നത്യം കുറഞ്ഞതായാണ് ആരോഗ്യമന്ത്രിയുടെ അവകാശവാദം. 15.33 ശതമാനം വരെ രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് നിരക്കിലും കുറവ് വന്നതായി ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

Content Highlight: No lockdown, but there may be local restrictions, says Delhi health minister