തെരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥൻ ക്രിസ് ക്രെബ്സിനെ പുറത്താക്കി. ട്രംപാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. വോട്ടിങിൽ നടന്ന ക്രമക്കേടാണ് തന്റെ പരാജയത്തിന് കാരണമെന്നാണ് ട്രംപ് ഇപ്പോഴും ആവർത്തിക്കുന്നത്.
എന്നാൽ ട്രംപിന്റെ ക്രമക്കേടാരോപണം അടിസ്ഥാന രഹിതമാണെന്നും നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന് ക്രെബ്സ് നേരത്തെ പ്രതികരിച്ചിരുന്നു. ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പാണെന്ന ക്രെബ്സിന്റെ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും അതിനാൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി ഡയറക്ടർ ക്രിസ് ക്രെബ്സിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതായി ട്രംപ് ട്വീറ്റ് ചെയ്തു.
ക്രമക്കേട് സംബന്ധിച്ചുള്ള ട്രംപിന്റെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളോന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘം കഴിഞ്ഞയാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. മറ്റ് 59 തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും ട്രംപിന്റെ വാദത്തിൽ കഴമ്പില്ലെന്ന് അഭിപ്രായപെട്ടിരുന്നു.
Content Highlights; Trump fires US cybersecurity official who dismissed claims of election fraud