സംസ്ഥാനത്ത് അസാധാരണ സാഹചര്യം, അസാധാരണ നടപടികളും വേണ്ടി വരും; തോമസ് ഐസക്

അസാധാരണ സാഹചര്യമാണ് സിഎജിയുടെ റിപ്പോർട്ട് സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ വികസനത്തിന് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുമായുള്ള വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് ചോർത്തി നൽകുന്നത് എജിയുടെ ഓഫീസിൽ നിന്നാണെന്നും സർക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി ഇവിടം മാറിയെന്നും മന്ത്രി പറഞ്ഞു.

സിഎജി നൽകുന്ന റിപ്പോർട്ട് ഗവർണർ വഴി നിയമസഭയിൽ സമർപ്പിച്ചതിന് ശേഷം മാത്രമെ സിഎജി പുറത്തുവിടാൻ പാടുള്ളു എന്ന് നിയമമുണ്ട്. എന്നാൽ സർക്കാരിലാരും ഇതു നോക്കാൻ പാടില്ല എന്നൊന്നുമില്ല. ധനവകുപ്പ് സെക്രട്ടറി ഇത് കരടാണോ അന്തിമമാണോ എന്ന് ആരോടും പറഞ്ഞിട്ടില്ല. കിഫ്ബി വഴിയെടുക്കുന്ന മുഴുവൻ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്ന് സിഎജി വാദം അംഗീകരിച്ചാൽ കേരളത്തിലെ ഏതെങ്കിലുമൊരു പൊതുമേഖല സ്ഥാപനത്തിന് പ്രവർത്തിക്കാൻ കഴിയുമോ എന്നും ധനമന്ത്രി ചോദിച്ചു. 

നാല് പേജുള്ള കിഫ്ബിയെ കുറിച്ചുള്ള പരാമർശങ്ങൾ ഒരു ഘട്ടത്തിലും സർക്കാരുമായി ചർച്ച ചെയ്തിട്ടില്ല. സിഎജി ഒരു ഘട്ടത്തിലും ഈക്കാര്യം അറിയിച്ചിട്ടുമില്ല. സർക്കാരുമായി ചർച്ച പോലും ചെയ്യാത്ത കാര്യങ്ങൾ എഴുതി തയ്യാറാക്കിയിട്ട് അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച് അംഗങ്ങൾ ചർച്ച ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. ഇത് സഭയുടെ അവകാശ ലംഘനമാണ്.  മാധ്യമങ്ങൾ സ്ഥിരമായി എജി വിവരങ്ങൾ ചോർത്തി നൽകുന്നു. ഭരണഘടനാ സ്ഥാപനത്തിന് ഇത് ഭൂഷണമല്ല. 11ലെ വാർത്താ കുറിപ്പ് 16ന് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു. 

content highlights: CAG report created an extraordinary situation in the state says, finance minister