പൊലീസ് ആക്ട് ഭേദഗതി: പരാതിയില്‍ ഉടനടി നടപടിയെടുക്കരുതെന്ന് ഡിജിപി

കൊച്ചി: വിവാദമായ പൊലീസ് ആക്ട് ഭേദഗതിയില്‍ പരാതി കിട്ടിയാലുടനെ നടപടിയെടുക്കുന്നത് വിലക്കി ഡിജിപിയുടെ സര്‍ക്കുലര്‍. ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെട്ട ശേഷമേ തുടര്‍ നടപടികള്‍ പാടുള്ളൂവെന്നതാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ ആലോചിച്ച പൊലീസ് ആക്ട് പ്രകാരം മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായി പരാതികള്‍ ലഭിച്ചാല്‍ ആദ്യം പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ എന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

അതേസമയം, സര്‍ക്കാര്‍ നിയമം പരിഷ്‌കരിക്കുന്നത് വരെ പുതിയ നിയമം നിലനില്‍ക്കുമെങ്കിലും അതിന്റെ പരിധിയില്‍പ്പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ നിയമം ചോദ്യം ചെയ്ത് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണും സമര്‍പ്പിച്ച ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോഴാണ് പൊലീസ് നിയമ ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Content Highlight: DGP releases circular on Police Act Amendment