കൊവിഡ് ആശുപത്രിയിലെ തീപിടുത്തം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിക്ക് തീപിടിച്ച സംഭവത്തില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കഴിയുന്ന തരത്തില്‍ ഉറപ്പു വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി രാജ്‌കോട്ടിലെ ശിവാനന്ദ് കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.

തീപിടുത്തത്തില്‍ നഷ്ടമായവരെ ഓര്‍ത്ത് വേദനയുണ്ടെന്നും, അപ്രതീക്ഷിതമായ സംഭവത്തില്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ടവരോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും അവര്‍ക്ക് കഴിയുന്നത്ര സേവനങ്ങള്‍ ഉറപ്പു വരുത്തുമന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അപ്രതീക്ഷിതമായി സംഭവിച്ച തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ആശ്വാസ ധനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlight: PM Modi expresses deep pain over loss of lives in Rajkot hospital fire