ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിവേഗം ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നരീക്ഷകർ പ്രവചിക്കുന്നത്.
ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് അല്ലെങ്കിൽ ന്യൂനമർദ്ദം ശ്രീലങ്കയിൽ കര തൊടുമെന്നാണ് പ്രവചനം. മാലിദ്വീപ് നിർദേശിച്ച പേരാണ് ബുറൈവി. ഡിസംബർ 3, 4 തീയതികളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിലായിരിക്കും കനത്ത മഴ ലഭിക്കുന്നത്. ഡിസംബർ 1 ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും.
മഴ ഡിസംബർ മൂന്നോടെ കനക്കുമെന്നതിനാൽ അന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലാണ് റെഡ് അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ നാല് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അന്ന് യെല്ലോ അലർട്ടാണ്. വ്യാഴം വെള്ളി ദിവസങ്ങളിൽ ലക്ഷദ്വീപിൽ ഓറഞ്ച് അലർട്ട് ബാധകമായിരിക്കും.
Content Highlights; heavy rain forecasts in the state