പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തും. സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി തെരുവിലിറങ്ങേണ്ടി വന്നത് 60 ഓളം കുടുംബങ്ങൾ. വാരണാസിയിലെ സുജാബാദ് ചേരിയിൽ അധിവസിക്കുന്ന 60 കുടുംബങ്ങളിലെ 250 ഓളം ആളുകളെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ചേരി ഒഴിപ്പിച്ചത്. ഏകദേശം അഞ്ച് വർഷങ്ങളായി ഇവർ താമസിച്ചുവന്ന ചേരിയാണ് പൂർണ്ണമായും പൊളിച്ചുമാറ്റിയതെന്ന് ‘ദി വയർ ’ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇതേ ചേരി തന്നെ അധികൃതർ ഒഴിപ്പിക്കുന്നത്.
ആർഎസ്എസ് സൈദ്ധാന്തികൻ ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ ഫെബ്രുവരിയിലായിരുന്നു ആദ്യം കുടിയൊഴിപ്പിച്ചത്. ഹെലികോപ്ടർ ഇറക്കാനുള്ള സൌകര്യത്തിനാണ് ഇവരെ ഒഴിപ്പിച്ചത്. ഈ ചേരിയിൽ താമസിക്കുന്ന ഭൂരിപക്ഷം ആളുകളും ദളിതരാണ്. “ഇവിടെയാണ് ഞങ്ങൾ ജനിച്ചത്. വോട്ടർ ഐഡി കാർഡും ആധാറുമൊക്കെ ഉണ്ട്. എന്നിട്ടും ഓരോ വിഐപി വരുമ്പോഴും പോലീസ് യാതൊരു മുന്നറിയിപ്പു നൽകാതെ ഞങ്ങളുടെ വാസസ്ഥലം തകർക്കുന്നു. ഇത് രണ്ടാം തവണയാണ് ഞങ്ങളുടെ വാസസ്ഥലം ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത്. ഞങ്ങൾക്ക് താമസിക്കാൻ പകരം സ്ഥലം നൽകിയിട്ടുമില്ല” എന്നും ചേരി നിവാസികൾ പറയുന്നു.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കളൊന്നും തങ്ങളെ തിരിഞ്ഞു പോലും നോക്കുന്നില്ലെന്നും ചേരി നിവാസികൾ വ്യക്തമാക്കി. വോട്ട് ആവശ്യമുള്ളപ്പോൾ മാത്രമാണ് അവർ വരുന്നതെന്നും പോലീസ് ഭീഷണിപെടുത്തുകയും തല്ലുകയും ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി. കുടിലുകൾ തകർക്കപെട്ടതോടെ തുറസ്സായ സ്ഥലത്താണ് അവർ കഴിയുന്നത്. ദളിത് വിഭാഗത്തിലെ ദർക്കർ, ബാൻസ്ഫോർ സമുദായത്തിൽ ഉൾപെട്ടവരാണ് ചേരിയിൽ തമസിച്ചിരുന്നവരിൽ കൂടുതൽ ആളുകളും. നിത്യവൃത്തിക്കായി മുളയുപയോഗിച്ച് കരകൌശല വസ്തുക്കളും കൊട്ടകളും നിർമിച്ച് അന്നത്തെക്കുള്ള അന്നത്തിനായി വക കണ്ടെത്തുന്നവരാണ് ഏറെ ആളുകളും.
സർക്കാർ അംഗീകരിച്ചിട്ടുള്ള ചേരികളാണ് ഇവയെല്ലാമെന്നും അവിടെ താമസിക്കുന്നവർ സർക്കാർ തിരിച്ചറിയൽ രേഖകളെല്ലാം ഉള്ളവരാണെന്നും സർക്കാർ നടപടിയിൽ ദുരൂഹത ഉണ്ടെന്നും ഇന്നർ വോയ്സ് ഫൌണ്ടേഷൻ എന്ന ചാരിറ്റി സംഘടന പ്രവർത്തകനായി സൌരഭ് സിങ് വ്യക്തമാക്കി. നിർബന്ധിത കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് സുപ്രീംകോടതി ചില മാർഗ നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈ മഹാമാരിക്കാലത്ത്. എന്നാൽ അതൊന്നും സുജാബാദിൽ പാലിക്കപെട്ടിട്ടില്ലെന്ന് സാമൂഹ്യപ്രവർതത്തക ആതിര മുരളി ചൂണ്ടിക്കാട്ടി.
Content Highlights; slum demolished ahead of prime minister visit at Varanasi