മധ്യപ്രദേശിലും കവിത മോഷണ വിവാദം; ഭാര്യ എഴുതിയതെന്ന പേരില്‍ മുഖ്യമന്ത്രി പങ്കു വെച്ചത് മറ്റൊരാളുടെ കവിത

ഭോപ്പാല്‍: മധ്യപ്രദേശില്‍ കവിത മോഷണ വിവാദത്തില്‍ പ്രതികൂട്ടിലായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭാര്യ എഴുതിയെന്ന പേരില്‍ മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത കവിതയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഭാര്യയുടേതെന്ന പേരില്‍ മുഖ്യമന്ത്രി പങ്കുവെച്ച കവിത, ബ്രാന്‍ഡിങ് എക്‌സ്‌പേര്‍ട്ടും, എഴുത്തുകാരിയുമായി ഭൂമിക ഭിര്‍ത്താരെ തന്റേതാണെന്ന് അവകാശപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഭാര്യ പിതാവ് മരിച്ചപ്പോവാണ് ശിവരാജ് സിങ് ചൗഹാന്‍, ഭാര്യ സാധ്‌ന എഴുതിയ കവിതയാണെന്ന് പറഞ്ഞ് ഭാവുജി എന്ന തലക്കെട്ടില്‍ കവിത പോസ്റ്റ് ചെയ്തത്. എന്നാല്‍ ഡാഡി എന്ന പേരില്‍ താനെഴുതിയ കവിതയാണ് ഭാര്യയുടേതെന്ന പേരില്‍ താങ്കള്‍ പോസ്റ്റ് ചെയ്തതെന്നും ക്രെഡിറ്റ് തരണമെന്നും ഭൂമിക ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്, തുടങ്ങി മാധ്യമങ്ങളെയടക്കം ടാഗ് ചെയ്താണ് ഭൂമിക അവകാശ വാദം ഉന്നയിച്ചത്.

കവിത മോഷണത്തെ രാഷ്ട്രീയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തനിക്ക് ക്രെഡിറ്റ് കിട്ടിയാല്‍ മതിയെന്നും ഭൂമിക പറഞ്ഞു. അതേസമയം, പേര് മാറ്റുന്നതില്‍ ബിജെപി വിദഗ്ധനാണെന്നും ഇതേപോലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പല പദ്ധതികളും ബിജെപി പേര് മാറ്റി ഉപയോഗിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് പ്രതികരിച്ചു. ബിജെപി നേതൃത്വം ഇതേവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Content Highlight: Sivraj Singh Chauhan trolled over Plagiarism