അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേൽക്കുന്ന ആദ്യ ദിവസം ജനങ്ങളോട് നൂറ് ദിവസം മാസ്ക് ധരിക്കണം എന്നാണ് പറയുക എന്ന് വെളിപ്പെടുത്തി നിയുക്ത പ്രസിഡൻ്റ് ജോ ബെെഡൻ. ഭരണകേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മുഖാവരണം നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാക്കാലത്തേക്കുമല്ല. വെറും നൂറ് ദിവസത്തേക്ക് മാസ്ക് ധരിച്ചാൽ മതി. മാറ്റം ഉണ്ടാകുന്നത് കാണാൻ കഴിയും’. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ബെെഡൻ പറഞ്ഞു. ഡൊണാൾഡ് ട്രംപിൽ നിന്നും വ്യത്യസ്തമായിരിക്കും തൻ്റെ പ്രവർത്തനമെന്നും ബെെഡൻ സൂചന നൽകി.
ആരോഗ്യ മേഖല സംബന്ധിച്ച കാര്യങ്ങൾ പ്രസിഡൻ്റിനെ നേരിട്ട് ധരിപ്പിക്കാവുന്ന തരത്തിൽ ഭരണരംഗത്ത് കൂടുതൽ അധികാരം നൽകുമെന്നും ബെെഡൻ വ്യക്തമാക്കി. വാക്സിൻ്റെ കാര്യത്തിൽ ബിൽ ക്ലിൻ്റൻ, ജോർജ് ബുഷ്, ബരാക് ഒബാമ എന്നിവരെ പിൻതുടരുമെന്നും വാക്സിൻ്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ കൂടുതൽ ബോധ്യപ്പെടുത്തുമെന്നും ബെെഡൻ പറഞ്ഞു. അതേസമയം മാസ്ക് നിർബന്ധമാക്കണമെന്ന് പറയുന്നത് പ്രസിഡൻ്റിൻ്റെ അധികാര പരിതിയിൽ വരുന്നതല്ലെന്ന് പറഞ്ഞ് ബെെഡൻ്റെ ആവശ്യത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു.
content highlights: Biden says he will ask all Americans to wear masks for 100 days