ഒരു മാസം നീണ്ട ആവശ്യത്തിന് ശേഷം സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പറും അനുവദിച്ച് ജയിലധികൃതര്‍

മുംബൈ: ഒരു മാസത്തോളം നീണ്ട ആവശ്യത്തിനൊടുവില്‍ ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പറും അനുവദിച്ച് ജയിലധികൃതര്‍. കോടതി ഉത്തരവിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. സ്റ്റാന്‍ സ്വാമിയുടെ ഹാര്‍ഡ് ഡിസ്‌ക് കോപ്പിയടങ്ങിയ ബാഗ് എന്‍ഐഎ തിരിച്ച് നല്‍കണമെന്നും തലോജ ജയിലില്‍ നിന്ന് മാറ്റരുത് എന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച മറ്റ് മൂന്ന് ഹര്‍ജിയും സ്റ്റാന്‍ സ്വാമി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ സ്വന്തമായി കൈകൊണ്ട് വെള്ളം എടുത്ത് കുടിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് സ്‌ട്രോക്കും സിപ്പറിനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വഴി അപേക്ഷ നല്‍കിയത്. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്‍ഐഎ പിടിച്ചെടുത്ത സ്‌ട്രോയും സിപ്പര്‍ കപ്പും തിരികെ നല്‍കണമെന്ന ആവശ്യപ്പെട്ട് അദ്ദേഹം പുണെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവ എടുത്തിട്ടില്ലെന്ന് എന്‍ഐഎ സത്യവാങ്മൂലം നല്‍കിയതോടെ അപേക്ഷ പുണെയിലെ പ്രത്യേക കോടതി തള്ളിയിരുന്നു.

ഇതേത്തുടര്‍ന്ന് ജയിലില്‍ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ജയില്‍ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹര്‍ജി ഡിസംബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.

സ്റ്റാന്‍ സ്വാമിക്ക് മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം ആരോപിച്ചായിരുന്നു എന്‍ഐഎ അറസ്റ്റ്. 2018 ല്‍ ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിന് സമീപം സംഘര്‍ഷമുണ്ടായതില്‍ ഏകതാ പരിഷത്ത് സമ്മേളനത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. അക്രമത്തിന് പ്രേരണ നല്‍കിയെന്നതായിരുന്നു 83 കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ള ആക്ടിവിസ്റ്റുകളില്‍ ഏറ്റവും പ്രായമേറിയ ആളാണ് സ്റ്റാന്‍ സ്വാമി.

Content Highlight: Activist Stan Swamy gets straw and sipper in jai