കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന സംഘടന നേതാവിന് എന്‍ഐഎ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് സമരം നയിക്കുന്ന കര്‍ഷക സംഘടന നേതാവിന് നോട്ടീസയച്ച് എന്‍ഐഎ. സംയുക്ത കര്‍ഷക മോര്‍ച്ചാ നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍ഐഎ നോട്ടാസ് അയച്ചത്.

നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ.)യുടെ നേതാക്കളില്‍ ഒരാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബല്‍ദേവിന് സമന്‍സ് അയച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ബല്‍ദേവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍, സാക്ഷിയായാണ് ബല്‍ദേവിനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഒമ്പതാംവട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെ റിപ്പബ്ലിക് ദിനത്തില്‍ പരേഡിന് തടസമുണ്ടാകാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. ചൊവ്വാഴ്ച്ചയാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള പത്താംവട്ട ചര്‍ച്ച.

Content Highlight: NIA summons Farm Union Leader for questioning