കൊട്ടിക്കലാശത്തിന് അനുവദിക്കില്ല; അഞ്ചു ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

First phase public campaign of local body election to end today State election commission

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച്  ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ആൾക്കൂട്ടത്തിന് നിയന്ത്രണം ഉള്ളതിനാൽ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ സ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജാഥകളോ ആൾക്കൂട്ടം ഉൾപ്പെടുന്ന പരിപാടിയോ സംഘടിപ്പിച്ചാൽ  സ്ഥാനാർത്ഥികൾക്കെതിരെ നടപടിയുണ്ടാകും. ആദ്യ ഘട്ടത്തിൽ അഞ്ച് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. 

ഇന്ന് ആറ് മണിവരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. അവസാനഘട്ട പ്രചാരണത്തിനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. പരസ്യ പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്ന് പ്രചാരണത്തിനെത്തിയ പ്രവർത്തകരും നേതാക്കളും വാർഡിൽ നിന്ന് പോകണം. സ്ഥാനാർത്ഥികളോ ഏജൻ്റോ വാർഡിനു പുറത്തുനിന്നുള്ളവരാണെങ്കിൽ വാർഡിൽ തുടരാം. ഇതുവരെ ഗുരുതരമായ ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ പരാതികള്‍ മാത്രമാണ് ഇതുവരെ വന്നിട്ടുള്ളത്. ഇവയൊക്കെ കൃത്യസമയത്ത് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും പരിഹരിക്കുന്നുണ്ട്. കൊവിഡ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷനോട് സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

content highlights: First phase public campaign of local body election to end today State election commission