മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമെന്ന് വിജയശാന്തി; ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പാര്‍ട്ടിയില്‍ തന്നെ തിരിച്ചെത്താനായതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നടി വിജയശാന്തി. തെലങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ് തുടക്കത്തില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും 15 വര്‍ഷത്തിന് ശേഷമുള്ള മടങ്ങി വരവില്‍ താന്‍ സന്തുഷ്ടയാണെന്നും വിജയശാന്തി പറഞ്ഞു. തിങ്കളാഴ്ച്ചയാണ് വിജയശാന്തി ഔദ്യോഗിയോഗികമായി ബിജെപിയില്‍ ചേര്‍ന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം അഴിമതി നടക്കുന്നത് തെലങ്കാനയിലാണെന്നും കെ ചന്ദ്രശേഖര റാവുവിന് മുമ്പേ താന്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പോരാട്ടം ആരംഭിച്ചിരുന്നതായും വിജയശാന്തി അവകാശപ്പെട്ടു. തെലങ്കാനയില്‍ നടക്കുന്ന അഴിമതിയെല്ലാം തെളിവ് സഹിതം ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരുമെന്നും 2023 ല്‍ തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് വിജയശാന്തി 2009 മുതല്‍ 2014 വരെ മേദക് എംപിയായിരുന്നു. 2014ലാണ് ടിആര്‍എസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്.

Content Highlight: Vijaya Shanti on joining Mother Party BJP