തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്നാണ് വിശദീകരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സി എം രവീന്ദ്രന് ഇപ്പോഴുള്ളത്. തലയ്ക്ക് എംആര്‍ഐ സ്കാന്‍ നടത്തിയശേഷം മാത്രമേ രവീന്ദ്രനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നതിനാലാണ് രവീന്ദ്രനോട് എംആര്‍ഐ സ്കാന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണ് പരിശോധന. തിങ്കളാഴ്ചയാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടുതവണ എന്‍ഫോഴ്സ്മെന്റ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ തവണ കോവിഡ് ബാധയെ തുടര്‍ന്നും രണ്ടാമത്തെ തവണ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നും രവീന്ദ്രന് ഹാജരായിയിരുന്നില്ല.
Content Highlight: C.M Raveendran will not appear before ED on tomorrow