ടെന്‍ഡറില്ലാതെ കരാറും ധൂര്‍ത്തും; സ്പീക്കര്‍ക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ചേരുന്നതിനായി സംസ്ഥാന നിയമസഭയുടെ ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ നേരത്തെ ചെലവാക്കിയിരുന്നു. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെ ആണ് ആ പ്രവര്‍ത്തി ഏല്‍പ്പിച്ചത്. ടെന്‍ഡര്‍ അടക്കമുളള നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു നടപടിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. ഇതും ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് ടെന്‍ഡര്‍ ഇല്ലാതെ നല്‍കിയത്. ഒന്നര ദിവസത്തെ ലോക കേരള സഭയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ ഈ ഹാള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക നിയന്ത്രണങ്ങളില്‍ പ്രത്യേക ഇളവ് നല്‍കിയായിരുന്നു ഇതെന്നും ചെന്നിത്തല ആരോപിച്ചു.

ഫെസ്റ്റിവല്‍ ഓഫ് ഡെമോമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് കാരണം രണ്ടെണ്ണം മാത്രമേ നടത്തിയുളളൂ. ഇതിനു മാത്രം രണ്ടേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. നിയമസഭയെ കടലാസ് രഹിതമാക്കുന്നതിന് വേണ്ടി 52.33 കോടി രൂപയുടെ പദ്ധതിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചത്. 13.53 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സും നല്‍കി. ഇതിന്റെയൊന്നും പ്രയോജനം ആര്‍ക്കും ലഭിച്ചിട്ടില്ല. ഇതില്‍ അഴിമതിയുണ്ട് എന്നത് വളരെ വ്യക്തമാണ്. സഭാ ടി വിയുടെ പേരിലും വന്‍ ധൂര്‍ത്ത് നടത്തിയിട്ടുണ്ട്. എല്ലാ ധൂര്‍ത്തും അഴിമതിയും സ്പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സ്പീക്കര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. രേഖകളുടെ പിന്‍ബലത്തില്‍ മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlight: Ramesh Chennithala against Speaker