വിമര്‍ശനത്തിന് വിധേയനാകാത്ത ‘വിശുദ്ധ പശുവല്ല’ സ്പീക്കര്‍; ചെന്നിത്തലയ്ക്ക് മറുപടി നല്‍കി സ്പീക്കര്‍

തിരുവനന്തപുരം: തനിക്കെതിരെ വന്‍ അഴിമതി ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങള്‍ക്ക് നിയമസഭയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്പീക്കര്‍ മറുപടി നല്‍കി. പത്രസമ്മേളനം വിളിച്ചാണ് സ്പീക്കര്‍ ആരോപണത്തിന് മറുപടി നല്‍കിയത്.

ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ വാസ്തവവിരുദ്ധം. വിമര്‍ശനത്തിന് വിധേയനാകാത്ത ‘വിശുദ്ധ പശുവല്ല’ സ്പീക്കറെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയ്ക്ക് നിരവധി അംഗീകാരങ്ങള്‍ കിട്ടി. ഊരാളുങ്കല്‍ സത്യസന്ധമായ സ്ഥാപനമാണെന്നും, ഊരാളുങ്കലിന് മുന്‍കൂറായി 30 ശതമാനം നല്‍കിയത് ചട്ടപ്രകാരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു കാര്യത്തിനും ഒളിവും മറയുമില്ല. സഭ ടി വി മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരമുള്ള ഉന്നത സമിതിയില്‍ പ്രതിപക്ഷത്തിന്റെ ആള്‍ക്കാരുണ്ടെന്നും സ്പീക്കര്‍ പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം വിഷമിക്കുമ്പോള്‍ അഴിമതിയും, ആര്‍ഭാടവുമാണ് നിയമസഭയില്‍ നടന്നിരിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭയിലെ ശങ്കരനായരായണന്‍ തമ്പി ഹാള്‍ പൊളിച്ചു പണിയുന്നതിന് 1.48 കോടി രുപ 2018ല്‍ ചെലവാക്കിയതായും, ഊരാളുങ്കില്‍ ലേബര്‍ സൊസൈറ്റിയെ ആണ് കരാര്‍ ഏല്‍പ്പിച്ചതെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

Content Highlight: Speaker replied to Ramesh Chennithala on allegation