പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ. കഴിഞ്ഞ ദിവസം ബംഗാളിൽ ജെപി നഡ്ഡ, കെെലാഷ് വിജയ് വർഗിയ, ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ രംഗത്തുവന്നത്. ക്രമസമാധാന നില തകരാറിലായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ മുന്നറിയിപ്പ് കൊടുത്തിരുന്നതായും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബംഗാളിൽ നടന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഗവർണർ വാർത്താസമ്മേളനം നടത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന നില വർഷങ്ങളായി തകരാറിലാണ്. ഇത് സംബന്ധിച്ച് നേരത്തെ മുഖമന്ത്രി മമതയ്ക്ക് മുന്നറിയിപ്പ് നൽകിയതാണ്. കേന്ദ്ര സർക്കാരിന് ഇത് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
content highlights: Bengal Governor slams Mamata over ‘worsening’ law and order in the state, calls attack on BJP convoy unfortunate