സംസ്ഥാനത്ത് എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച 17 മുതൽ നടക്കും. മാർച്ച് 17 മുതൽ 30 വരെ നടത്താനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പരീക്ഷ. ജനുവരി ഒന്ന് മുതൽ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനിുവരി ഒന്ന് മുതൽ ആരംഭിക്കും. ജൂൺ ഒന്ന് മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്ന് മുതൽ സ്കൂൾ തലത്തിൽ നടത്തുന്നതിനും ക്രമീകരണമുണ്ടാകും.
ജനുവരി ഒന്ന് മുതൽ കോളേജുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വർഷ ബിരുദ ക്ലാസ്സുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളുമാണ് ആരംഭിക്കുക. പകുതി വീതം വിദ്യാർത്ഥികളെ വെച്ചാണ് ക്ലാസുകൾ നടത്തുന്നത് എന്നാണ് റിപ്പോർട്ട്. ആവശ്യമെങ്കിൽ രാവിലേയും ഉച്ചക്ക് ശേഷവും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കും.
കാർഷിക സർവകലാശാലയിലേയും ഫിഷറീസ് സർവകലാശാലയിലേയും ക്ലാസുകളും വിദ്യാർത്ഥികളുടെ എണ്ണം പരിമിതപെടുത്തി ജനുവരി ആദ്യം മുതൽ ആരംഭിക്കുന്നതായിരിക്കും. മെഡിക്കൽ കോളേജുകളിൽ രണ്ടാം വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
Content Highlights; sslc plus two exams on March 17